Sunday, November 24, 2013

ഒരു കുത്ത് കേസിൻറെ കഥ

ഒരു പറ്റം ആൾക്കാർ ചേർന്ന്, അല്ല ശരിക്കും പറഞ്ഞാൽ രണ്ടു മൂന്നു പേര് ചേർന്ന് ഒരുത്തനെ കുത്തി കുത്തി ഒരു പരുവമാക്കി. സന്തോഷമായി അവനവന്റെ കാര്യോം അന്വേഷിച്ചു നടന്ന ഒരുത്തൻ ആണെന്നോർക്കണേ. കുറെ കാലമെടുത്തു ഒന്ന് മര്യാദക്കു എഴുനേറ്റു നടക്കാനും ജോലിക്ക് പോവാനുമൊക്കെ. ആരുമില്ലായിരുന്നു സഹായത്തിന്. അവന്റെ പെണ്ണും കൊച്ചും മാത്രം, കരഞ്ഞും പിഴിഞ്ഞും കൂടെ അനുഭവിച്ചും.


ഒരു വിധം ഭേദമായി പുറത്തിറങ്ങിയപ്പോൾ മുകളിൽ പറഞ്ഞ ആൾക്കാർ വീണ്ടും. അവരെ കൂടെ കൂട്ടാതെ നിവർത്തിയില്ലല്ലോ. സ്വന്തം എന്നുപറയാൻ അവരല്ലേ ഉള്ളൂ. കുറച്ചു കാലം കഴിഞ്ഞപ്പോൾ പിന്നെയും തുടങ്ങി കുത്താൻ. ഇത്തവണ അവൻ അടി തെറ്റി വീണു പോയി. പണ്ടത്തെ മുറിവുകൾ ഉണങ്ങിയിരുന്നില്ലല്ലോ. പക്ഷെ എന്ത് ചെയ്യാനാണ്? അനുഭവിക്കുകയല്ലാതെ? ഈ അവസ്ഥയിൽ എങ്ങോട്ട് പോകും? ഇവരെ വിട്ടു പോയാൽ പിന്നെ സ്വന്തമായി വേറെ ആരാണ് ഉണ്ടാവുക?


ജീവിതം അങ്ങനെ തന്നെ മുന്നോട്ടു പോവാൻ തുടങ്ങി. മിക്കവാറും സമയം അവൻ കിടപ്പ് തന്നെ ആയി. ജോലിക്ക് പോവും കുറെ ദിവസങ്ങളിൽ. അത്ര തന്നെ. ഇപ്പോഴുംസഹായതിനാരുമില്ല. പണ്ടത്തെ പോലെ തന്നെ. പെണ്ണും കൊച്ചും മാത്രമുണ്ട്, കരഞ്ഞും പിഴിഞ്ഞും കൂടെ അനുഭവിച്ചും.


തിരിഞ്ഞു നോക്കിയില്ലേലും പലർക്കും അഭിപ്രായങ്ങൾ പലതുണ്ടായിരുന്നു. “അവനെ കണ്ടാൽ അറിയാം അവൻ കുത്ത് ഇരന്നു മേടിക്കുന്നവനാണെന്ന്” എന്നൊരുത്തൻ.  “ഓഹോ, ഇതൊക്കെ വല്ല്യ കാര്യമാണോ, ഞാനിതിലും നൂറു  കുത്ത് കൂടുതൽ വാങ്ങിച്ചവനാണ്, പിന്നെയാ ഇവന്റെ ഒരു ജാഡ”. എന്ന് വേറൊരുത്തൻ. “എന്തൊക്കെയാണെങ്കിലും കുത്തിയവന്റെ പിറന്നാൾ  ആഘോഷത്തിനു അവനെ കണ്ടില്ലല്ലോ, അത് മോശമായി”. എന്ന് മറ്റൊരുത്തനും.


ഈ കിടപ്പിലും കുത്തിനു യാതൊരു കുറവുമില്ലായിരുന്നു. കുത്തുന്നവർ പറയുന്ന ന്യായവും ശരി തന്നെ. അവർക്കും എവിടെയും  പോവാൻ പറ്റില്ലല്ലോ. സന്തോഷത്തോടു കൂടെ ഓടി നടക്കുന്ന വേറെ ആൾക്കാരെ കുത്താനും വയ്യ. അപ്പോൾ പിന്നെ അവനു തന്നെ ഇരിക്കട്ടെ. അവനും പെണ്ണും കൊച്ചുമാവുമ്പോൾ അനുഭവിച്ചു നല്ല പരിചയവുമുണ്ട്. പിന്നെ കുത്തുന്നവനും ഭാര്യയും കൊച്ചുങ്ങളും ഒക്കെ ഉള്ളതല്ലിയോ, അവരുടെ ജീവിതത്തിനു ഒരു പോറൽ പോലും എൽക്കരുതല്ലോ. എത്ര ശരി.


പിന്നെ കുറ്റം മാത്രം പറയരുതല്ലോ, ചിലര് പ്രാർത്ഥന ഒക്കെ നടത്തുന്നുണ്ട്. അവനു വേണ്ടി. പക്ഷെ എന്നാലും കുത്തുന്നത് നിർത്താൻ പറ്റുകയില്ലല്ലോ.


ആദ്യമാദ്യം അവൻ ഉറക്കെ കരഞ്ഞു. പിന്നെ ആരും കേൾക്കാതെ. വെറുതെ എന്തിനാ സന്തോഷത്തോടെ ഇരിക്കുന്ന ആൾക്കാരെ വിഷമിപ്പിക്കുന്നത്? സന്തോഷം എന്ന് പറയുന്നത്, വേറെ ചിലരുടെ മാത്രം കുത്തകയല്ലേ? അത് പറഞ്ഞിട്ടില്ലാത്തവർ മിണ്ടാതിരിക്കുക, അത്ര തന്നെ. പിന്നെ പിന്നെ ഒന്ന് ഞരങ്ങും. വേദന കുറഞ്ഞിട്ടൊന്നുമല്ല. ഒരു പരിധി കഴിഞ്ഞാൽ പിന്നെ എന്തും ശീലമാവും. പിന്നെ കുത്തിപ്പോൾ എന്നുമുള്ള കലാപരിപാടിയും  ആയല്ലോ. മുറിവുകളാവട്ടെ  കരിയുന്നില്ലെന്നു മാത്രമല്ല, പുഴുത്തു വെള്ളമൊലിക്കാനും തുടങ്ങി. ഓരോ തവണ കുത്ത് കൊള്ളുമ്പോഴും കൂടുതൽ ആഴത്തിൽ, കൂടുതൽ ശക്തിയോടെ.


അവനും വിചാരിച്ചു, എന്റെ വിധി. ഈ ജീവിതം ഇങ്ങനെ കഴിയാനാവും ഈശ്വരൻ വിധിച്ചിരിക്കുന്നത്. അതെ അത് തന്നെയാണ് ശരി. കുത്തുന്നവന് സ്വർഗ്ഗവും കുത്ത് കൊള്ളുന്നവന് നരകവും. നല്ല വിധി തന്നെ.

Monday, July 8, 2013

ജീവിതം

 എനിക്ക് ജീവിക്കണം
എന്തിനൊക്കെയോ വേണ്ടി

ഒരുപാട് കഥകൾ കേൾക്കാൻ
ഒരുപാട് വർത്തമാനം പറയാൻ
ഒരുപാട് ചിരിക്കാൻ
ഒരുപാട് സന്തോഷിക്കാൻ

ഒരിത്തിരി നൊമ്പരപ്പെടാൻ
ഒരിത്തിരി കരയാൻ
ഒരിത്തിരി കുറുമ്പ് കാണിക്കാൻ
ഒരിത്തിരി ദേഷ്യപ്പെടാൻ

എനിക്ക് ജീവിക്കണം
എന്തിനൊക്കെയോ വേണ്ടി 

Sunday, July 7, 2013

ഉണ്ണിക്കുട്ടനും മഞ്ചാടിക്കുരുവും

ഇതൊരു കഥയുടെ പേരല്ല കേട്ടോ. ഒന്ന് ഒരു പുസ്തകത്തിലെ കഥാപാത്രവും മറ്റേതു  ഒരു സിനിമയും ആണ്. അവർക്ക്  തമ്മിൽ ബന്ധമൊന്നുമില്ല. മനസ്സ് ഇങ്ങനെ അലഞ്ഞു നടപ്പോൾ രണ്ടും ഒരേ സമയത്ത് ഓർമിച്ചുവെന്ന്   മാത്രം.

മഞ്ചാടിക്കുരു  എന്ന സിനിമ ഈയിടെ കണ്ടു. വേറെ ഒരു ലോകത്തേക്ക് അത് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. പണ്ടെന്നോ നമുക്ക് സ്വന്തമായിരുന്ന ലോകം. സിനിമയിൽ പറഞ്ഞ പോലെ കേരളം "ഗോഡ്സ് ഓണ്‍ കണ്ട്രി" ആവുന്നതിനു മുന്പുള്ള ഒരു ലോകം. ആ ലോകത്തിലെ കാഴ്ചകൾ കുട്ടികളുടെ കണ്ണിലൂടെ ആണ്  വരച്ചു കാട്ടി തരുന്നത്.

അപ്പോഴാണ് ഉണ്ണിക്കുട്ടനെ പറ്റി  ഓർത്തത്‌... ഒരു പക്ഷെ ഞാൻ ഏറ്റവും ആദ്യം വായിച്ച പുസ്തകം എന്ന് വേണമെങ്കിൽ പറയാം. നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം. നേരത്തെ പറഞ്ഞ സിനിമയിൽ കണ്ട പോലത്തെ ഒരു ലോകമായിരുന്നു ആ പുസ്തകവും വരച്ചു കാട്ടിയത്. ഒരു മൂന്നു വയസുകാരന്റെ കണ്ണിലൂടെ.  വായിച്ച സമയത്ത് മനസ്സിനെ വല്ലാതെ സ്പര്ശി ച്ചിരുന്നു ആ കുഞ്ഞനുഭവങ്ങൾ.

ആ ഒരു വികാരമാണ് മഞ്ചാടിക്കുരുവും പ്രദാനം ചെയ്തത്. ഒരു പക്ഷെ അങ്ങനെ ഒരു ലോകത്ത് വളർന്നത്‌ കൊണ്ടായിരിക്കാം. ആ ലോകത്തേക്ക് മടങ്ങി പോവാൻ വെമ്പുന്നത് കൊണ്ടായിരിക്കാം. അല്ലെങ്കിൽ കുട്ടികളോടും അവരുടെ ലോകതോടുമുള്ള ഇഷ്ടം കൊണ്ടായിരിക്കാം.

എന്തായാലും മനസ്സിന്റെ ഉള്ളിൽ ഒരു മഞ്ചാടിചിമിഴിനുള്ളിൽ പൊടി പിടിച്ചു മങ്ങിയ ആ ചിത്രങ്ങൾക്ക് ഒരു ഉണര്വ്വ് വന്നത് പോലെ.  അതിന്റെ നിറങ്ങളെല്ലാം ഒന്ന് തെളിഞ്ഞത് പോലെ. 

വിശപ്പ്‌

ഉച്ചയൂണ് കഴിഞ്ഞു ജോലി തുടങ്ങുന്നതിനു മുൻപ് ഡിപാര്റ്റുമെന്റ് സ്റ്റോർ വരെ ഒന്ന് പോയിട്ട് വരാം എന്ന് കരുതി. വിന്റെർ അടുക്കുന്ന സമയമാണ്. മോനുവിനു കുറച്ചു രോമക്കുപ്പായങ്ങൾ തയ്ക്കണം.

ഇവിടെ വന്നപ്പോൾ തുടങ്ങിയതാണ് ഈ കമ്പം. നാട്ടിലായിരുന്നപ്പോൾ സ്കൂളിൽ വച്ച് പഠിച്ചിട്ടുണ്ട്. എംബ്രൊയിഡറിയും നിറ്റിങ്ങും. അല്പം കാശ് ചിലവുള്ള ഒരു വിനോദമായിരുന്നതു കൊണ്ടും പ്രത്യേകിച്ച് പറയത്തക്ക കലബൊധമൊന്നും ഇല്ലാതിരുന്നതിനാലും അന്ന് അത് സ്കൂളിൽ മാത്രമായി ഒതുങ്ങി. ഒരു സ്വെറ്റർ ഉടൽ മാത്രമായി ഇപ്പോഴും വീട്ടിലെ അലമാരിയിൽ പൊടി പിടിച്ചു കിടക്കുന്നുണ്ട്ആ ദിവസങ്ങളുടെ ഒരു സ്മാരകം പോലെ.

ഈ നാട്ടിൽ വന്നപ്പോഴാണ് വിനോദങ്ങൾ ജീവിതത്തിന്റെ വളരെ വലിയ ഭാഗമാക്കാമെന്ന് മനസ്സിലായത്. മുക്കിനു മുക്കിനു ക്രാഫ്റ്റ് സ്റ്റോർകളും കലാവാസന ഏഴയലത്ത് കൂടെ പോകാത്തവർക്കു പരിശീലിക്കാൻ റെഡി മൈഡ് കിറ്റുകളും. അങ്ങനെ ഞാനും വെറുതെ ഇരിക്കുന്ന സമയത്തൊക്കെ തയ്യലും എംബ്രൊയിഡറിയും ഒക്കെ ചെയ്യാൻ തുടങ്ങി. കുറേശെ ഇമ്പ്രൂവ് ചെയ്യാനും തുടങ്ങി.

ഏതായാലും ഇന്ന് കുറച്ചു സാധനങ്ങൾ വാങ്ങിയെ പറ്റൂ. നേരെ മൈക്കൽസ് കടയിലേക്ക് വച്ച് പിടിച്ചു. ഒന്നും വാങ്ങിയില്ലെങ്ങിൽ പോലും ആ കടയിൽ വെറുതെ നടക്കാൻ തന്നെ രസമാണ്. വർണ്ണങ്ങളുടെ ഒരു മേളം തന്നെ.

 കാർ പാർക്ക്‌ ചെയ്തു കടയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് പുറത്തു നിന്നിരുന്ന ഒരു സ്ത്രീ ശ്രദ്ധയിൽ പെട്ടത്. അങ്ങനത്തെ ഒരു കടയിൽ വരുന്ന ഒരാളിന്റെ രൂപവും ഭാവവും അല്ല അവർക്ക്‌... മുഷിഞ്ഞ വേഷം. ജീൻസ്‌ അവിടവിടെ കീറിയിട്ടുണ്ട്. കുളിച്ചിട്ടു അൽപ ദിവസമായി എന്ന് കണ്ടാൽ തന്നെ അറിയാം. ഇവർക്കിവിടെ കാര്യമെന്താണെന്ന മട്ടിൽ ചിലർ അവരെ നോക്കുന്നുമുണ്ട്. എന്റെ മനസ്സിലും ആ ചോദ്യം ഉയരാതിരുന്നില്ല. ഓഫീസിൽ താമസിചെത്തിയാൽ മുഖം കറുക്കുന്ന മാനെജേരുടെ മുഖം മനസ്സില് വന്നപ്പോൾ ഇതൊന്നും ആലോചിക്കണ്ട സമയമാല്ലെന്നു തന്നോട് തന്നെ പറഞ്ഞുകൊണ്ട് തിരക്കിട്ട് ഉളളിൽ കയറി.

എന്നാലും സാധനം തിരഞ്ഞെടുക്കുമ്പോഴും പേ ചെയ്യുമ്പോഴുമൊക്കെ എന്റെ നോട്ടം അവരിൽ തന്നെ പാറി വീണുകൊണ്ടിരുന്നു . പ്രത്യേകിച്ച് ഒരു വികാരവും ഉള്ളതായി തോന്നിയില്ല. ആരെയും പ്രതീക്ഷിച്ചു നില്ക്കുന്ന മട്ടും ഇല്ല.  എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷത്തേക്ക് കൂട്ടിമുട്ടി. ഞാൻ സൌഹൃദ ഭാവത്തിൽ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പ്രതികരണം ഇല്ലാത്തപ്പോൾ "ഹാവ് എ നൈസ് ടെ" എന്ന് പതുക്കെ മന്ത്രിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു.

കാർ സ്റ്റാർറ്റ് ചെയ്യുമ്പോഴാണ്‌ കണ്ടത്. അവിടെ വച്ചിരിക്കുന്ന ട്രാഷ് കാനിൽ പരതുന്നു അവർ. അല്പം മുൻപ് ആരോ പകുതി കടിച്ചു അലക്ഷ്യമായി എറിഞ്ഞിട്ടു പോയ സാൻവിച്ചിന്റെ കഷ്ണം എടുത്ത്  ആര്ത്തിയോടെ ഭക്ഷിക്കാൻ തുടങ്ങുന്നു. ആ മുഖത്ത് അപ്പോൾ തെളിഞ്ഞത് വിശന്നു വലഞ്ഞ ഒരു ചെന്നായുടെ ഭാവമായിരുന്നു. ചുറ്റുപാടും ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ പല്ലുകൾ റൊട്ടി കഷ്ണത്തിൽ താഴ്ത്തുന്നു.

ആ നിമിഷത്തിൽ ഞാനറിയാതെ എന്റെ കണ്ണ് നിറഞ്ഞു. മുഖം കറുപ്പിക്കുന്ന മാനെജേരും മോനുവിന്റെ രോമക്കുപ്പായവും എല്ലാം മനസ്സിൽ നിന്നും അലിഞ്ഞില്ലാതായി.

Monday, July 1, 2013

കുട്ടി കവിത

കൊച്ചു കൂട്ടുകാർക്കായി ഇതാ ഒരു കുട്ടിക്കവിത

അമ്മേടെ ചക്കിപ്പെണ്ണ്‍
അച്ഛന്റെ കുഞ്ഞിപ്പെണ്ണ്‍
അമ്മൂമ്മക്കോ സുന്ദരിപ്പെണ്ണ്‍
ഇവളൊരസ്സൽ കാന്താരിപ്പെണ്ണ്‍





നടപ്പ്

എവിടേക്കാണെന്നറിയാതെ ഉള്ള ഈ നടപ്പ് ആദ്യമായിട്ടാണല്ലോ. പണ്ടെല്ലാം ഒരുപാട് വഴികൾ മുൻപിൽ കാണുമായിരുന്നു. ഏതു എടുക്കണം എന്ന സംശയമേ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോ ഒരടിക്ക് അപ്പുറം ഒന്നും കാണുന്നില്ല. കട്ട പിടിച്ച ഇരുട്ട് മാത്രം. എന്നാലും നടക്കാതിരിക്കാൻ പറ്റില്ലല്ലോ. നടപ്പവസാനിച്ചാൽ പിന്നെ ഞാൻ ഇല്ലല്ലോ.



പ്രാര്‍ത്ഥന

എന്നോട് കരുണ കാണിക്കാന്‍ എന്താണ് ഇത്രയും താമസം കണ്ണാ?
ഞാന്‍ എന്നെ തന്നെ നിനക്കായി തന്നില്ലേ?
എന്റെ സ്വപ്നങ്ങളെ, ചിന്തകളെ, എന്തിനു
എന്റെ ഓരോ നിമിഷവും നിന്റെ കാല്‍ക്കല്‍ അല്ലെ ഞാന്‍ വച്ചത്?
അതല്ലാതെ എന്തുണ്ട് എന്റെ കയ്യില്‍?

വലുതായിട്ടൊന്നും ഞാന്‍ കൊതിചില്ലലോ?
ഇത്തിരി സ്നേഹം, അല്ല ഒത്തിരി സ്നേഹം
ഒരു കുന്നോളം, ഒരു കടലോളം,
 എന്റെ ഉള്ളിലും ഇല്ലേ  കൊടുക്കാനായി
അത്ര തന്നെ, അല്ല അതിനും അപ്പുറമായി 

സ്നേഹിക്കാന്‍, സ്നേഹിക്കപെടാന്‍
അത് മാത്രമല്ലേ ഞാന്‍ കൊതിച്ചുള്ളൂ
ഇതും അതിമോഹമാണോ എന്റെ കണ്ണാ?